Monday, January 17, 2011

വിവാഹശേഷമുള്ളയാത്രകള്‍..!

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു.അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു.വിവാഹത്തിനു പിറ്റേന്നുമുതല്‍ അവരുടെ യാത്ര ആരംഭിച്ചു. ആദ്യ ആഴ്ച്‌കള്‍ : അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും,മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു.അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു.ബസില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു.അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു.(എന്താണ് കാര്യമെന്ന് അറിയാമല്ലോ?) അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു.അവരുടെ ഇരുപ്പ് പിള്ളാര്‍ക്ക് എന്റ്‌ര്‍‌ടെയന്റ്‌മെന്റ് ആയി. കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും. ഒരുമാസത്തിന് ശേഷം: അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്.കയറിക്കഴിഞ്ഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും.അവനാണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും; അവളാണങ്കില്‍ അവനുവേണ്ടിയും. ആറുമാസത്തിനു ശേഷം : അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും.അവള്‍ക്ക് വേണ്ടി അവന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കും.അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു.ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും.അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള്ളു. ഒരു വര്‍ഷത്തിനു ശേഷം: കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും.അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും.കുഞ്ഞിനും തള്ളയ്ക്കും വെയില്‍ കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും.ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന്‍ ഇരിക്കൂ. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം : അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി.അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം : ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം : അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു.നരച്ച കാലന്‍‌കുടകുത്തി അപ്പൂപ്പനും അല്പം കൂനി അമ്മൂമ്മയും നടക്കും.ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന് സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും.അപ്പൂപ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും.പിടിവിട്ടാല്‍ താഴെപ്പോകുമെന്ന് അപ്പൂപ്പനറിയാം.പരസ്പരം താങ്ങായി അവര്‍ യാത്ര തുടര്‍ന്നു............................. ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമിമാത്രമല്ല ജീവിതയാത്രയും ഉരുണ്ടാതാണന്ന് !

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

ഒരാള്‍ക്ക് എത്ര ഭൂമി വേണം? വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്. രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം. ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെതന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍­ന്നു. ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു. “ആറടി മണ്ണ്”! സേവകന്‍ ഉത്തരം പറ­ഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു. ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ? വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലിലല്ലേ നാമോരോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ, മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രുതഗമ­നം? വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കുമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം. ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല. ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി? ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എല്ലാം മറന്ന് ഓടിയതുകൊണ്ട് എന്തു നേടി? വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ? കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ? പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം. എന്നാല്‍ നഷ്ടമാകാത്തതും നിലനില്‍ക്കുന്നതും മരണത്തിനപ്പുറത്തും ശാശ്വതമായിരിക്കുന്നതുമായ ഒരു വസ്തുതയുണ്ട്. സ്വര്‍ഗതിലുള്ള നിത്യമായ വാസം! ഓട്ടം അവിടുത്തെ രാജ്യത്തിനു വേണ്‍ടിയാകട്ടെ. പ്രതിഫലം ആരും നമ്മില്‍ നിന്ന് എടുത്തുകളയുകയില്ല, നിശ്ച­യം.